KeralaLatest NewsNews

ഗവർണറും സർക്കാരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകം: ആരോപണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: ഗവർണർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറും സർക്കാരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി തന്നെ ഗവർണർക്കെതിരായ പ്രതിഷേധത്തിന് എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. സർക്കാർ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധമാണ് ഗവർണറുമായുള്ള പോര്. കേന്ദ്ര സർക്കാരിനെതിരെ സമരം സമ്മേളനമാക്കിയവരാണ് ഇടത് സർക്കാരും എൽഡിഎഫുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പിന്നീട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ റോഡരികിൽ കുത്തിയിരുന്നു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ഗവർണർ ചോദിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതിപ്പെട്ടു. പ്രധാനമന്ത്രിയെ വിളിക്കാനും ഗവർണർ ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നായിരുന്നു ഗവർണർ പ്രതിഷേധിച്ചത്. പൊലീസിനോടും ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button