വാരാണസി: ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കേസിലെ പരാതിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. സര്‍വേ റിപ്പോര്‍ട്ടിന്റെ കോപ്പി കൈവശം ലഭിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഭാഷകന്‍.
ഗ്യാന്‍വാപിയില്‍ നിലനില്‍ക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ക്ഷേത്രമുണ്ടായിരുന്നിടത്ത് മസ്ജിദ് പുനര്‍നിര്‍മാണം നടത്തുകയായിരുന്നെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങൾ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേയില്‍ പറയുന്നുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു.
തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേ പറയുന്നു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതില്‍ മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അഭിഭാഷകന്‍ വാദമുന്നയിക്കുന്നു.
സര്‍വേ റിപ്പോര്‍ട്ട് ഉടനടി പരസ്യമാക്കുന്നതിന് നേരത്തേ വാരാണസി ജില്ലാ ജഡ്ജി അനുമതി നിഷേധിച്ചിരുന്നു. കേസിന്റെ അപകടം കണക്കിലെടുത്തായിരുന്നു തീരുമാനം. അയോധ്യയിലെ രാമജന്മഭൂമി-ബാബരി തര്‍ക്കത്തിനുശേഷം രാജ്യത്ത് നിലനില്‍ക്കുന്ന നിരവധി മസ്ജിദ്-ക്ഷേത്ര തര്‍ക്കങ്ങളിലൊന്നാണ് ഗ്യാന്‍വാപി.
Post Your Comments