Latest NewsKerala

ആശാ ശരത്തിൻ്റെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകം: സന്ദീപ് വാചസ്പതി

ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പുനര്‍നിയമിച്ച ഡോക്ടറെ സംരക്ഷിക്കാന്‍ സര്‍ക്കാരും, സിപിഎമ്മും ശ്രമിക്കുകയാണ്. സിപിഎം സഹയാത്രികനാണ് ഈ ഡോക്ടര്‍. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ആരോഗ്യമന്ത്രി ബന്ധുക്കളെ വിളിച്ച് ആശ്വസിപ്പിക്കാനോ, വിവരങ്ങള്‍ ആരായാനോ തയ്യാറായിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്. വീട്ടുകാര്‍ക്ക് കൂടി വിശ്വാസയോഗ്യരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ സംസ്ഥാനം എന്നത് കേവലം വാചകമടിയായി മാറുകയാണ്. ആശുപത്രികളിൽ അടിസ്ഥാന സൗകര്യമോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ല. ആലപ്പുഴ പഴവീട് ശരത്ത് ഭവനില്‍ ആശാ ശരത്താണ് ചികിത്സാ പിഴവും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ 19ന് രാവിലെ എട്ടിനാണ് ആശയെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രീയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10.30ഓടെ യുവതിയുടെ നില അതീവ ഗുരുതരമായി. ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ തീയേറ്ററില്‍ കയറി നോക്കിയപ്പോള്‍ അസഹ്യമായ വേദന കാരണം നിലവിളിക്കുന്ന ആശയെ ആണ് കാണാന്‍ സാധിച്ചത്.

ആംബുലന്‍സോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നതിനാല്‍ നിര്‍ണായകമായ 55 മിനിറ്റ് നേരമാണ് അവിടെ തന്നെ യുവതിയെ കിടത്തിയത്. പിന്നീടാണ് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ യുവതി മരിച്ചെന്നാണ് അവിടുത്തെ ഡോക്ടര്‍ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്
എന്നിട്ടും ഒരു ദിവസം വെന്റിലേറില്‍ കിടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

20ന് വൈകിട്ട് ആറിനാണ് യുവതി മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇത്രയും പ്രധാനപ്പെട്ട ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് പോലും ഇല്ല എന്നതാണ് വസ്തുത. യുവതിയുടെ ഹൃദയത്തിന്റെ പേശിക്ക് ബലക്കുറവ് ഉണ്ടായിരുന്നു എന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ല. വിഷയത്തില്‍ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്‍, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. സന്ദീപ് വാചസ്പതി, ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ തുടങ്ങിയവര്‍ രാവിലെ ആശയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button