KeralaLatest NewsNews

തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആയിരം വീടുകളെന്ന പദ്ധതിയിലാണ് മറിയക്കുട്ടിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് നിര്‍മ്മിക്കുന്നതിന്റെ ചെലവ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ നാളെ നടക്കും.

സിറ്റ് ഔട്ടും ഹാളും രണ്ട് മുറികളും ഉള്‍പ്പെടെ 700 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീട് നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ നല്‍കി. അടിമാലി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല. രണ്ട് മാസത്തില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. മറിയക്കുട്ടി തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ നവംബര്‍ 24ന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീവന്‍ നാളെ വീടിന് തറക്കല്ലിടും. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറിയക്കുട്ടിക്ക് താക്കോല്‍ കൈമാറും.

വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയതോടെ മറിയക്കുട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള സദസ് നടക്കുമ്പോള്‍ മണ്‍ചട്ടിയുമായി മറിയക്കുട്ടി പ്രതിഷേധിച്ചത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഈ സമയത്താണ് മറിയക്കുട്ടിക്ക് വീട് പണിതു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button