ArticleTravel

ഹിമാചല്‍ പ്രദേശിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞ യാത്ര പ്ലാന്‍ ചെയ്യാം: വിവിധ പ്ലാനുകള്‍ ഇങ്ങനെ

യാത്ര പോകണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒരു സ്ഥാനം എന്നും ഹിമാചല്‍ പ്രദേശിന് കാണും. മഞ്ഞ് പെയ്യുന്ന മലനിരകളും ആര്‍ത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഫോറസ്റ്റുകളും മാത്രമല്ല, ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെയായി നിരവധി കാര്യങ്ങള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

പരിധിയില്ലാത്ത സാഹസിക വിനോദങ്ങളും ആഹ്ലാദവും പകരുന്ന ഹിമാചല്‍ പ്രദേശ് യാത്ര പോകണമെങ്കില്‍ പക്ഷേ കാശ് കുറച്ചധികം പൊടിക്കേണ്ടി വരും. എന്നാലോ മഞ്ഞു മലകളുടെ വിളി കേള്‍ക്കാതിരിക്കാനും സാധിക്കാത്ത, ഒരു ഹിമാചല്‍ യാത്ര ഉടനെ പ്ലാന്‍ ചെയ്യുന്ന ഒരാളാണെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതാ ചെലവ് കുറഞ്ഞ ഹിമാചല്‍ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാമെന്ന് നോക്കാം

ഓഫ് സീസണില്‍ പോകാം

ഹിമാചല്‍ പ്രദേശ് എന്നല്ല, ഏതൊരു സ്ഥലത്തേയ്ക്കും യാത്ര പോകുമ്പോള്‍ പീക്ക് സീസണ്‍ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ചെലവ് പോക്കറ്റ് കീറും. ഹിമാചല്‍ പ്രദേശിന്റെ പീക്ക് സീസണ്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുമാണ്. അതുകൊണ്ടു തന്നെ ജനുവരി, ഫെബ്രു വരി മാസങ്ങളും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളും ഇവിടം സന്ദര്‍ശിക്കുവാന്‍ ചെലവ് കുറഞ്ഞ സമയമാണ്. ഈ സമയത്ത് ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്താല്‍ കുറഞ്ഞ ചെലവില്‍ പോയി വരാം.

കിഴിവുകള്‍ നോക്കിപ്പോകാം

യാത്രയിലെ ചെലവ് കുറയ്ക്കുവാനുള്ള ഒരു എളുപ്പവഴി പരമാവധി കിഴിവുകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ്. വിമാനടിക്കറ്റിന് ആയാലും ഹോട്ടല്‍ താമസം, ആക്റ്റിവിറ്റികള്‍ എന്നിവയെല്ലാം അന്വേഷിച്ചാല്‍ കുറഞ്ഞ നിരക്കില്‍ തരുന്ന ഏജന്‍സികള്‍ കണ്ടെത്താം. പ്രാദേശിക ഏജന്‍സികളെ സമീപിക്കുന്നത് മികച്ച ഡീലുകള്‍ കണ്ടെത്തുവാന്‍ സഹായിക്കും.

ഗ്രൂപ്പായി പോകാം

യാത്രകളില്‍ ചെലവ് കുറയ്ക്കുവാനുള്ള ഏറ്റവും മികച്ച വഴി ഗ്രൂപ്പായി യാത്ര ചെയ്യുക എന്നതാണ്. എത്ര ആള്‍ കൂടുന്നുവോ അതിനനുസരിച്ച് നിരക്ക് വിഭജിക്കപ്പെടും. താമസത്തിന് ഒരു റസ്റ്റ് ഹൗസ് മുഴുവനായോ അല്ലെങ്കില്‍ അല്ലെങ്കില്‍ ഡോര്‍മിറ്ററികളോ വാടകയ്ക്ക് എടുക്കല്‍, ഭക്ഷണത്തിന് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി കഴിക്കല്‍ എന്നിങ്ങനെ ചെലവ് കുറയ്ക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ട്.

ഹോം സ്റ്റേ ബുക്ക് ചെയ്യാം

ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ ചെലവ് കുറയ്ക്കുവാന്‍ ഹോം സ്റ്റേകളോ അല്ലെങ്കില്‍ ബേസിക് അക്കൊമൊഡേഷന്‍ സൗകര്യങ്ങളോ പ്രയോജനപ്പെടുത്താം. സ്റ്റാര്‍ ഹോട്ടലുകളാണെങ്കില്‍ വലിയ നിരക്ക് താമസസൗകര്യത്തിന് നല്‍കേണ്ടി വരും. എന്നാല്‍ ഹോം സ്റ്റേകള്‍ , അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നല്‍കുന്ന താമസ സൗകര്യങ്ങള്‍ എന്നിവ തിരഞ്ഞെടുത്താല്‍ കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ഒപ്പിക്കാം.

ക്യാംപിങ്

മറ്റൊരു ഓപ്ഷന്‍ ക്യാംപിങ് ആണ്. നിങ്ങള്‍ക്ക് ധൈര്യവും ആഗ്രഹവും ഉണ്ടെങ്കില്‍ നദീ തീരത്തും മലകളുടെ മുകളിലും ഒക്കെയായി ക്യാംപിങ്ങിനുള്ള സൗകര്യങ്ങള്‍ ലഭിക്കും. ഇതിനും വലിയ തുക ആകില്ല. ആകാശം നോക്കി കിടക്കുന്ന ക്യാംപ് സൈറ്റുകള്‍ തീര്‍ത്തും വ്യത്യാസ്തമായ ഒരു യാത്രാനുഭവം നല്‍കുകയും ചെയ്യും

നേരത്തെ ബുക്ക് ചെയ്യാം

ഹിമാചല്‍ യാത്ര മനസ്സിലുണ്ടെങ്കില്‍ എത്രയും നേരത്തെ ബുക്കിങ് നടത്തുക എന്നത് ഒരു കാര്യമാണ്. മുന്‍കൂട്ടി ബുക്കിങ് നടത്തുമ്പോള്‍ കുറഞ്ഞ നിരക്കില്‍ എല്ലാം ലഭിക്കും. കുറഞ്ഞ നിരക്കില്‍ മികച്ച ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകള്‍ ഇവിടെ നിരവധിയുണ്ട്. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അവിടെനിന്നും ഭക്ഷണം കഴിക്കാം.

shortlink

Post Your Comments


Back to top button