News

ആത്മീയ യാത്രയ്ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയത് ഈ ആറ് സ്ഥലങ്ങള്‍

ഒട്ടേറെ വിശുദ്ധ സ്ഥലങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ഇടമാണ് നമ്മുടെ രാജ്യം. മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ ആരാധനാ സ്ഥാനങ്ങളുള്ള ഇവിടെ ചില സ്ഥലങ്ങള്‍ക്ക് പ്രത്യേകതകളും വിശേഷങ്ങളും കുറച്ച് അധികമുണ്ട്

ഇന്ത്യയിലെ പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി പങ്കുവെയ്ക്കുന്നത്.

വാരണാസി

ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ വാരണാസി ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള ഏഴ് വിശുദ്ധ നഗരങ്ങളില്‍ ഒന്നാണ്. ശിവന്റെ ത്രിശൂലത്തിന്‍മേല്‍ കിടക്കുന്ന നഗരമാണ് വാരണാസി എന്നാണ് വിശ്വാസം.

കാശി വിശ്വനാഥ ക്ഷേത്രം

ശിവന്റെ നഗരം എന്നറിയപ്പെടുന്ന വാരണാസിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് കാശി വിശ്വനാഥ ക്ഷേത്രം. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാന സ്ഥാനമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നൈണ്.

ഹരിദ്വാര്‍

ദൈവത്തിങ്കലേക്കുള്ള വഴിയുമായി സ്ഥിതി ചെയ്യുന്ന ഹരിദ്വാര്‍ ഹൈന്ദവ വിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ്. ഏഴു പുണ്യസ്ഥലങ്ങളില്‍ ഒന്നായ ഇവിടെയാണത്രെ പാലാഴി മഥനത്തിനു ശേഷം ഗരുഡന്‍ അമൃത് കൊണ്ടുപോകുമ്പോള്‍ ദേവന്‍മാരുടെ കയ്യില്‍ നിന്നും തുളുമ്പിയത്. പാപങ്ങളില്‍ നിന്നും മോചനം നേടാന്‍ ഹരിദ്വാറിലെത്തി ഗംഗയില്‍ മുങ്ങിക്കുളിച്ചാല്‍ പാപങ്ങളില്‍ നിന്നും മോചനം നേടാന്‍ സാധിക്കുമെന്നും മോക്ഷഭാഗ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്. അതിനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തി പ്രാര്‍ഥിക്കുന്നത്.

ഗംഗാ ആരതി

വിശ്വാസികള്‍ ഇവിടെ ഗംഗാ നദിയില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഗംഗാ ആരതി. ഒരിക്കലെങ്കിലും ഇവിടെ എത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മനോഹരമായ ചടങ്ങാണിത്.

ഋഷികേശ്

യോഗയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന ഋഷികേശ് സഞ്ചാരികളുടേയും ആത്മീയാന്വേഷികളുടെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. മൂന്നു വശവും മലനിരകളാല്‍ ചുറ്റപ്പെട്ട് ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുണ്യനഗരം ആശ്രമങ്ങളാലും ക്ഷേത്രങ്ങളാലും സമ്പന്നമാണ്. ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ബദരിനാഥ്, കേദര്‍നാഥ്, ഗംഗോത്രി തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇന്ദ്രിയ ബോധങ്ങളുടെ ദേവനായ മഹാവിഷ്ണുവില്‍ നിന്നാണ് ഋഷികേശിന് ഈ സ്ഥലനാമം ലഭിക്കുന്നത്. ഗംഗാ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവിടം സാഹസിക സഞ്ചാരികളുടെ കേന്ദ്രം കൂടിയാണ്.

അമൃത്സര്‍

സിക്ക് മത വിശ്വാസികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് പഞ്ചാബിലെ അമൃത്സര്‍. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം സുവര്‍ണ്ണ നഗരമെന്നും അറിയപ്പെടുന്നു. സിക്ക് ഗുരുവായിരുന്ന ഗുരു രാംദാസാണ് 1577 ല്‍ അമൃത്സര്‍ എന്ന പേരില്‍ നഗരം സ്ഥാപിക്കുന്നത്. ഇതിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അമൃത സരോവര്‍ തടാകത്തില്‍ നിന്നുമാണ് അമൃത്സറിന് ഈ പേരു ലഭിക്കുന്നത്. ഈ തടാകത്തിലാണ് സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമൃത്സറിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് സിക്കുകാരുടെ പ്രാര്‍ഥനാലയമായ സുവര്‍ണ്ണ ക്ഷേത്രം. രാവിലെ ആറു മണി മുതല്‍ രാത്രി രണ്ടു മണി വരെ വിശ്വാസികള്‍ക്കായി തുറന്നിട്ടിരിക്കുന്ന ഈ പ്രാര്‍ത്ഥനാലയത്തില്‍ ആര്‍ക്കു വേണമെങ്കിലും പ്രവേശിക്കാം. പഴയ അമൃത്സറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15 മിനിറ്റ് അകലെയാണ് സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബോധ്ഗയ

ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ബീഹാറില്‍ സ്ഥിതി ചെയ്യുന്ന ബോധ്ഗയ. ഇവിടുത്തെ ബോധി മരത്തിന്റെ ചുവട്ടില്‍ ഇരുന്നപ്പോഴാണത്രെ ബുദ്ധന് ബോധോധയം ലഭിച്ചതെന്നാണ് വിശ്വാസം. പാട്നയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വജ്രാസനമുള്ള മഹാബോധി ക്ഷേത്രവും ബോദി വൃക്ഷവുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇവിടെ കാണുന്ന ബോധി വൃക്ഷം ശ്രീലങ്കയില്‍ നിന്നും കൊണ്ടുവന്നു നട്ടുവളര്‍ത്തിയതാണെന്നും വിശ്വാസമുണ്ട്.

ബുദ്ധ ക്ഷേത്രങ്ങളും ബുദ്ധാശ്രമങ്ങളുമാണ് ബോധ്ഗയയുടെ മറ്റൊരു പ്രത്യേകത. കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി ധ്യാനിക്കാനും സന്യസിക്കാനുമായി ഇവിടെയെത്തുന്ന ആളുകളും ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. ശാന്തരായി മറ്റൊന്നിലും ശ്രദ്ധിക്കാതെ തികച്ചും ഏകാന്തമായി, ആള്‍ക്കൂട്ടത്തില്‍ തനിയെ ഇരുന്ന് ധ്യാനിക്കുന്നവരെ എല്ലായ്പ്പോഴും ഇവിടെ കാണാന്‍ സാധിക്കും. നിറവും ഭാഷയും സംസ്‌കാരവും ഭാഷയുമെല്ലാം ഒന്നായി മാറി ധ്യാനിക്കുകയാണ് ഇവിടെയെത്തുന്നവരുടെ പ്രധാന ലക്ഷ്യം.

shortlink

Post Your Comments


Back to top button