Latest NewsKeralaIndia

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്: വീണാ വിജയനെതിരെയുള്ള ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ ആവശ്യം. ഇത് സംബന്ധിച്ച ഉപഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. വീണാ വിജയനെ രക്ഷിക്കാനാണ് ആര്‍ഒസി റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കോർപറേറ്റ് തട്ടിപ്പില്‍, സി എം ആർ എല്ലിനെ കൂടാതെ മറ്റുകമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. എക്‌സാലോജിക്കിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ എംപവർ ഇന്ത്യാ ക്യാപിറ്റല്‍ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്ഥിരമായി ഈടില്ലാത്ത കോർപറേറ്റ് വായ്പകള്‍ ലഭിച്ചിട്ടുണ്ട്. ഈ വായ്പകള്‍ ലഭിച്ചതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ജനപക്ഷം പാർട്ടി നേതാവും, കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോർജ്ജ് ആണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്.

സി എം ആർ എല്‍ ഉടമകള്‍ ഡയറക്ടർമാരായ എംപവർ ഇന്ത്യാ ക്യാപിറ്റല്‍ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എക്‌സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ വായ്പ ലഭിച്ചത്. സിഎംആർഎല്ലിന് നല്‍കിയെന്ന് പറയുന്ന സേവനത്തിന് വീണയ്ക്കും കമ്പനിക്കും ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ വായ്പയായും നല്‍കിയത്. എംപവർ ഇന്ത്യാ ക്യാപിറ്റല്‍ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 4 വർഷം ഈടില്ലാത്ത വായ്പയായി പണം നല്‍കിയത്. സിഎംആർഎല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ ഇടപാടുകള്‍ സംബന്ധിച്ചാണ് എക്‌സാലോജിക് വിവാദത്തില്‍ പെട്ടത്.

ഈ സംഭവം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ ഉപഹർജിയായാണ് 77.6 ലക്ഷം കടം സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷിച്ചാല്‍ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നുമാണ് ഉപഹര്‍ജിയിലെ വാദം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button