Latest NewsKeralaNews

മൂന്നാം വരവിൽ ഗണേഷ് കുമാർ പഠിച്ച പാഠം!

തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭിക്കുന്ന നല്ല സേവനങ്ങളിലൊന്നാണ് ഇലക്ട്രിക് ബസുകളുടെ സർവീസ്. മന്ത്രിസഭയിലേക്കുള്ള തന്റെ മൂന്നാം വരവ് തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കാൻ മന്ത്രി കെ.ബി ഗണേഷ് കുമാർ കഷ്ടപ്പെടുന്നുണ്ടെന്ന പരിഹാസങ്ങൾക്ക് കാരണം, ഇലക്ട്രിക് ബസുകളുടെ വരുമാനത്തെ ചൊല്ലിയുള്ള തർക്കമാണ്. ഇ- ബസ് ലാഭത്തിലല്ലെന്നും, ഇത് എത്രനാൾ പോകുമെന്ന് അതുണ്ടാക്കിയവർക്കും വാങ്ങിയവർക്കും ഉറപ്പില്ലെന്നും പറഞ്ഞ ഗണേഷ് കുമാർ, ഇത് നിറുത്താൻ പോകുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം നഗരവാസികൾ ഞെട്ടലുണ്ടാക്കി. തീർത്തും അപ്രതീക്ഷിതമായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, വി.കെ പ്രശാന്ത് തുടങ്ങിയവർ പരസ്യമായി മന്ത്രിക്കെതിരെ നിലയുറപ്പിച്ചു. ഇത് ഗണേഷ് കുമാറിനും പുതിയ അനുഭവമായിരുന്നു.

പ്രമുഖർ ഇലക്ട്രിക് ബസുകൾ ഇനിയും വേണമെന്ന് നിലപാട് അറിയിച്ചതോടെ, മൂന്നാം വരവിൽ ഗണേഷ് കുമാർ തന്റെ ആദ്യ പാഠം പഠിച്ചു. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും, എല്ലാം ഉദ്യോഗസ്ഥർ അറിയിക്കുമെന്നും പറഞ്ഞ് ഗണേഷ് കുമാർ കൈകഴുകി. വിവാദങ്ങൾക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ വിളിച്ച് ശകാരിച്ചുവെന്ന അഭ്യൂഹവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇനി തീരുമാനം എടുക്കുന്നില്ലെന്ന് പറയുമ്പോഴും, താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാമെന്നും അദ്ദേഹം പറയുന്നു.

‘ഇനി ഒരു കണക്കും പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കും. എന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. കേരളത്തിൽ വാഹന നികുതി കൂടുതലാണ്. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കേരളത്തിൽ നികുതി കൂടുതലാണ്’, മന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസ് വാങ്ങാൻ ഒരുകോടി രൂപ വേണം. ഡീസൽ ബസിന് 24 ലക്ഷം മതി. ചെലവ് പരമാവധി കുറച്ച്, വരവു വർദ്ധിപ്പിച്ചാലേ കോർപ്പറേഷന് നിലനിൽക്കാനാവൂ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പിന്നാലെ കെഎസ്ആർടിസി വാർഷിക റിപ്പോർട്ടിൽ ഇ ബസുകൾ ലാഭകരമാണെന്ന കണക്കുകൾ വരികയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് തലസ്ഥാനത്ത് ആദ്യമായി ഇ- ബസുകൾ നിരത്തിലിറങ്ങിയത്. ഡിസംബർ വരെ 288. 91 ലക്ഷം രൂപ ലാഭമുണ്ടായെന്ന് കെ.എസ്.ആർ.ടി.സിയുടെ തന്നെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. മുൻ ഗതാഗത മന്ത്രി ആന്റണി രാജു നടപ്പാക്കിയ നല്ല നടപടികളിലൊന്നാണ് ഇലക്ട്രിക് ബസുകളുടെ സർവീസ്. ജനങ്ങളും അത് അംഗീകരിച്ചതാണ്. അതിനിടയിലാണ് മുൻ മന്ത്രിയെയും അദ്ദേഹത്തിന്റെയും നടപടിയെയും പരിഹസിക്കുന്ന രീതിയിൽ മന്ത്രി ഗണേഷ് കുമാർ പ്രതികരണം നടത്തിയത്. അത് ഒഴിവാക്കേണ്ട പക്വത അദ്ദേഹം പുലർത്തേണ്ടതായിരുന്നു എന്ന കണ്ടെത്തലാണ് സി.പി.എമ്മും സർക്കാരും നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button