അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ, ഇവർക്ക് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി ഗായകൻ വിധു പ്രതാപ് രംഗത്ത്. മതം ഒരു ആശ്വാസം ആകാം പക്ഷെ, ആവേശം ആകരുതെന്നാണ് വിധു പ്രതാപ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘ഭാരതത്തിലെ ജനങ്ങളായ നാം’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകൻ ആഷിഖ് അബു, നടിമാരായ പാർവതി, റിമ എന്നിവർ പങ്കുവെച്ചത്. ‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേർത്താണു പാർവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഇൻസ്റ്റഗ്രാമിൽ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉൾപ്പെടെ ഇന്ത്യയിൽനിന്നും പുറത്തുമായി ആകെ 8000 പേർക്കാണ് രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠിക്കുന്നത്.
Post Your Comments