പിതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തനിച്ചായ രണ്ടുവയസുകാരന്‍ വിശന്നുമരിച്ച സംഭവത്തിൽ ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തലുമായി അമ്മ. യു.കെയിലെ ലിങ്കൺഷയറിലാണ് ദാരുണസംഭവം നടന്നത്. ഇരുവരും താമസിച്ചിരുന്ന ലിങ്കൺഷയർ സ്‌കെഗ്‌നെസിലെ പ്രിൻസ് ആൽഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റില്‍ കുട്ടിയേയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് ഫ്രിഡ്ജ് തുറക്കാൻ കഴിയുമായിരുന്നില്ലെന്നും, അത്രയും ചെറുതായിരുന്നു തന്റെ മകനെന്നുമാണ് യുവതി പറയുന്നത്. ജനുവരി 9 നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
അവനോടൊപ്പം ഇല്ലാതിരുന്നതിന് താൻ ഒരിക്കലും തന്നോട് തന്നെ ക്ഷമിക്കില്ലെന്ന് കുട്ടിയുടെ അമ്മ സാറ പിസ്സെ (43) കണ്ണീരോടെ പറയുന്നു. ദമ്പതികൾക്ക് ഒരു മകളും മകനുമാണ് ഉണ്ടായിരുന്നത്. 2019 ൽ ഇരുവരും പിരിഞ്ഞപ്പോൾ മകനെ അച്ഛനും മകളെ അമ്മയും സ്വീകരിച്ചു. ഭക്ഷണത്തിനും വെള്ളത്തിനുമായി തീവ്രമായി തിരയുന്ന മകന്റെ കാഴ്ച തന്നെ വേട്ടയാടുകയാണെന്നും അവന്റെ കൂടെ നിൽക്കാത്തതിലുള്ള കുറ്റബോധം കൊണ്ട് തനിക്ക് ഒന്നിനും സാധിക്കുന്നില്ലെന്നും സാറാ പറയുന്നു.
പിതാവിന്‍റെ മൃതദേഹത്തിനരികെ നിന്നാണ് കുഞ്ഞിന്‍റെ ശരീരവും പൊലീസ് കണ്ടെടുത്തത്. ഹൃദയാഘാതത്തെ തുടർന്ന് പിതാവ് മരണപ്പെട്ടപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചത്. 60 വയസുകാരനായ കെന്നത്തിനെയും 2 വയസുമാത്രമുളള മകന്‍ ബ്രോൺസണെയും ജനുവരി 9 നാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിന്‍റെ മൃതദേഹത്തിനരികെ പട്ടിണി കിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ഐഒപിസി ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.
Post Your Comments