തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഒരു പോലെ നീരസം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, വി.കെ പ്രശാന്ത് എംഎല്‍എയും, മേയര്‍ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകള്‍ നിര്‍ത്തരുതെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
എന്നാല്‍, കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇതു സംബന്ധിച്ച തീരുമാനത്തിന് കൂടുതല്‍ വ്യക്തത വരുമെന്നാണ് കണക്ക്കൂട്ടുന്നത്.
ഗതാഗത മന്ത്രി ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നതോടെ, വിഷയത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സര്‍വ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമര്‍ശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്.
സര്‍ക്കാരിനോടോ സിപിഎമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം.വി ഗോവിന്ദന്റെ പ്രതികരണം.
Post Your Comments