Latest NewsKeralaNews

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം: പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റിഎഴുപത്തിമൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം ലഭിച്ചു.

കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാവുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.

നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുള്ളത്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്‌സോ (POCSO) നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതൽ കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടപ്പിലാക്കിയത്. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

അഞ്ച് മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐ റ്റി, ടെക്‌സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്. കുട്ടികളിൽ ചെറുപ്പം മുതലേ തൊഴിൽ മനോഭാവം വളർത്താൻ ഇത് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് മികച്ച പരിശീലനം നൽകും. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങൾ വികസിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button