ന്യൂഡല്‍ഹി: ഇന്ത്യ മാര്‍ച്ച് 15ന് മുമ്പ് മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യന്‍ സര്‍ക്കാറിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി.
മാലിദ്വീപിലെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 നവംബറില്‍, ഇന്ത്യയുമായുള്ള ബന്ധം വെട്ടിച്ചുരുക്കുന്നതിനും ചൈനയുമായുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുന്നതിനും മാലിദ്വീപിന്റെ പ്രസിഡന്റ് മുയിസു ശ്രമിച്ചിരുന്നു.
മാലിദ്വീപ് മുന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം വര്‍ഷങ്ങളായി മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യന്‍ സൈനിക സഹായം മാലിദ്വീപ് തേടിയത്. മാലിദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. നേരത്തെയും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം പരോക്ഷമായി മാലിദ്വീപ് ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളാകാന്‍ കാരണമായിരുന്നു. ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളെ മാലിദ്വീപുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി പ്രതികരിച്ചത്.
Post Your Comments