നയന്‍താരയുടെ വിവാദ ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം. രാമന്‍ മാംസാഹാരവും കഴിച്ചിരുന്നതായി എം.പി പറയുന്നു. രാമായണത്തിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ അസ്വസ്ഥരാക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് കാര്‍ത്തി ചിദംബരം രാമായണത്തിലെ ഭാഗങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് അന്നപൂരണി ഒ.ടി.ടിയില്‍ നിന്നും നീക്കം ചെയ്തത്.
ചിത്രം പിന്‍വലിച്ചതായി സീ സ്റ്റുഡിയോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചാണ് വ്യക്തമാക്കിയത്. മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ അറിയിച്ചു. ഡിസംബര്‍ ഒന്നിന് ആയിരുന്നു അന്നപൂരണി തിയേറ്ററില്‍ എത്തിയത്. തിയേറ്ററില്‍ ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
അതേസമയം, ‘അന്നപൂരണി’ എന്ന സിനിമയ്‌ക്കെതിരെ രോഷം ഉയരുന്നതിനിടെ, നടി നയൻതാരയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വലതുപക്ഷ സംഘടന സമർപ്പിച്ച പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നയൻതാരയും സംവിധായകനും നിർമാതാവും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഒപ്പം ലവ് ജിഹാദിനെ ഇവർ പ്രോത്സാഹിപ്പിച്ചെന്നും ആരോപണമുണ്ട്.
Post Your Comments