ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ സാധ്യത. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. രാമ ജന്മഭൂമിയായ അയോധ്യയുമായി ബന്ധിപ്പിക്കുന്ന മൂന്നോ നാലോ പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്താൻ സാധ്യത. സർവീസ് നടത്തുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടന്നാണ് സൂചന. സർവീസിന് അനുമതി ലഭിച്ചാലുടൻ നിരക്കുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതാണ്.
അജ്മീറിൽ നിന്ന് ബന്ദികുയി, ആഗ്ര വഴി അയോധ്യയിലേക്കും, ജോധ്പൂരിൽ നിന്നും ജയ്പൂർ, അൽവാർ, റെവാരി വഴി അയോധ്യയിലേക്കുമാണ് സർവീസ് നടത്തുക. ഉദയ്പൂരിൽ നിന്ന് ജയ്പൂർ, ദൗസ, അൽവാർ വഴി അയോധ്യയിൽ എത്തുന്ന സർവീസും പരിഗണനയിലുണ്ട്. ഇതിനുപുറമേ, രാജസ്ഥാനിലെ ചില സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹരിയാനയിലെ ഹിസാറിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. അയോധ്യ ശ്രീരാമ ക്ഷേത്രം ഈ മാസം ഭക്തർക്കായി സമർപ്പിക്കുന്നതോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐആർസിടിസിയും സ്പെഷ്യൽ സർവീസുകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments