ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എന്നാല്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ആദംപൂര്‍ ചൗനി മേഖലയില്‍ 10 പെണ്‍കുട്ടികളെയും ചേരികളില്‍ 13 പേരെയും ടോപ് നഗറില്‍ രണ്ട് പെണ്‍കുട്ടികളെയും റെയ്സണില്‍ ഒരാളെയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Read Also: ജിഎസ്ടി: തിരഞ്ഞെടുത്ത കാലയളവിലെ ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പര്‍വാലിയ ഏരിയയിലെ അഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ 68 പെണ്‍കുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരില്‍ 26 പേരെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ രണ്ട് ശിശു വികസന പ്രോജക്ട് ഓഫീസര്‍മാരെ (സിഡിപിഒ) ശനിയാഴ്ച സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബ്രിജേന്ദ്ര പ്രതാപ് സിംഗ്, കോമള്‍ ഉപാധ്യായ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥന് സുനില്‍ സോളങ്കി, വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ രാംഗോപാല്‍ യാദവ് എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പെണ്‍കുട്ടികളെയാണ് കാണാതായത്. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും എഫ്ഐആറില്‍ പറയുന്നു. ചില്‍ഡ്രന്‍സ് ഹോം നിയന്ത്രിക്കുന്ന ഒരു മിഷനറി തെരുവില്‍ നിന്ന് കുറച്ച് കുട്ടികളെ കൊണ്ടുവന്ന് ലൈസന്‍സില്ലാതെ ഷെല്‍ട്ടര്‍ ഹോം നടത്തുകയാണെന്നും രക്ഷപ്പെടുത്തിയ കുട്ടികളെ വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ച് ക്രിസ്ത്യന്‍ മതം പഠിപ്പിക്കുകയാണെന്നും കനുങ്കോ ആരോപിച്ചു.
Post Your Comments