പരിസ്ഥിതിക്കും ഖജനാവിനും ഒരുപോലെ ഗുണം ചെയ്തതോടെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് എഥനോൾ. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ പെട്രോളിൽ എഥനോൾ കലർത്തിയതിലൂടെ 24,300 കോടി രൂപയുടെ വിദേശ നാണ്യമാണ് ലാഭിക്കാൻ കഴിഞ്ഞത്. പൊതുമേഖല എണ്ണ വിപണന കമ്പനികൾ ഏകദേശം 509 കോടി ലിറ്റർ പെട്രോളും ഇതിലൂടെ ലാഭിച്ചിട്ടുണ്ട്. എഥനോൾ കലർത്തിയ പെട്രോൾ പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഈ കാലയളവിൽ 108 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനമാണ് കുറച്ചത്.
2070 ഓടെ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ ഭാഗമായി 2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും, 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എഥനോൾ. എഥനോൾ 99.9% ശുദ്ധമായ ആൽക്കഹോളാണ്. ഇത് പെട്രോളുമായി കലർത്തി ശുദ്ധമായ ബദൽ ഇന്ധനം ഉണ്ടാക്കാനാകും. അതേസമയം, ബയോഗ്യാസ്-നാചുറൽ ഗ്യാസ് മിക്സിംഗ്, ബയോ ഡീസലിന്റെ ഉപയോഗം, ധാന്യങ്ങൾ, ഫാം വേസ്റ്റ് എന്നിവയിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനത്തിന് മുൻഗണന നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
Also Read: നൂറിലേറെ ആളുകൾ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്
Post Your Comments