ഫോണിന്റെ ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുന്ന പ്രശ്‌നം എല്ലാവര്‍ക്കുമുണ്ട്. പുതിയ ഫോണ്‍ വാങ്ങി ആദ്യനാളുകളില്‍ ഫോണ്‍ ബാറ്ററി നിലനില്‍ക്കുന്നതില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല.
എന്നാല്‍ സമയം കഴിയുന്തോറും ബാറ്ററി ലൈഫ് നിലനില്‍ക്കുന്നത് കുറഞ്ഞു വരുന്നതായി നമ്മള്‍ ശ്രദ്ധിക്കും. ഫോണ്‍ വാങ്ങുന്നത് മുതല്‍ തന്നെ നല്ല രീതിയിലുള്ള പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്താന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും.
നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്‌നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബ്രൈറ്റ്‌നസ് 65 – 70 ശതമാനമാക്കി ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിക്കും. 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഫോണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ താപനില. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് തുറസായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 100 ശതമാനം ചാര്‍ജ് വരെ എത്തിക്കരുത്. 80 ശതമാനം വരെ ചാര്‍ജ് കയറുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകളിലും 80 ശതമാനം ആകുമ്പോള്‍ തന്നെ ചാര്‍ജ് കയറുന്ന സംവിധാനം ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യയുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും.
ഇന്റര്‍നെറ്റിനായി മൊബൈല്‍ ഡാറ്റകള്‍ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരും എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വൈഫൈ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബാറ്ററി നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ ഫോണിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക.
Post Your Comments