തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനക്കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി സി.ബി.ഐ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിനായി കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിനെതിരെ പരാമർശമുള്ളത്. ഒരു തിരോധാനക്കേസില്‍ ആദ്യത്തെ 48 മണിക്കൂറാണ് നിര്‍ണായകം. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ജെസ്‌ന കേസില്‍ ഈ നിര്‍ണായക മണിക്കൂറുകള്‍ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ല. ആ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കേസില്‍ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിപുലമായ അന്വേഷണം നടത്തി. കോവിഡ് കാലത്ത് ജെസ്‌ന വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നതടക്കം പരിശോധിച്ചു. പക്ഷേ, കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരില്‍ കേസ് ഏറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന് കണ്ടെത്താനായില്ല. മതപരിവര്‍ത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല. കാണാതാകുന്നതിന് തലേ ദിവസം മരിക്കാന്‍ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്‌ന സുഹൃത്തിന് അയച്ചത്. ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Post Your Comments