ടോക്കിയോ: ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിലെ സുനാമി മുന്നറിയിപ്പിനും ശക്തമായ ഭൂകമ്പങ്ങൾക്കും പിന്നാലെ വീടും സ്വത്തും വിട്ട് പലായനം ചെയ്യുകയാണ് ആയിരങ്ങൾ. പതിനായിരക്കണക്കിന് ആളുകളെയാണ് ഇന്നലെ ഒഴിപ്പിച്ചത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണത്തിൽ വ്യക്തതയില്ല. കൃത്യസമയത്ത് രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാർ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ വരെ 140 ലധികം തുടർചലനങ്ങൾ ജപ്പാനെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. വരും ദിവസങ്ങളിലും ശക്തമായ ഭൂചലനം തുടരുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. നിഗറ്റ, ടോയാമ, ഫുകുയി, ഗിഫു പ്രിഫെക്ചറുകളിൽ ഉൾപ്പെടെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു, നിരവധി പേർക്ക് പരിക്കേറ്റു. നോട്ടോ ഉപദ്വീപിലെ അതിന്റെ പ്രഭവകേന്ദ്രത്തിൽ, റോഡുകൾക്കുണ്ടായ കേടുപാടുകൾ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. 30,000-ത്തിലധികം വീടുകൾക്ക് വൈദ്യുതിയില്ല. വാജിമ സിറ്റിയിൽ വൻ തീപിടിത്തമുണ്ടായി, നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു.
ഭൂകമ്പത്തെത്തുടർന്ന് ട്രെയിൻ, എയർ, മെട്രോ സർവീസുകൾ നിർത്തിവെച്ചു. യാത്രക്കാർ കുടുങ്ങിയതോടെ പൊതുഗതാഗതം സ്തംഭിച്ചു. ടോയാമ, കനസാവ സ്റ്റേഷനുകൾക്കിടയിലുള്ള നാല് ട്രെയിനുകളിലെ 1,400 ലധികം യാത്രക്കാർ ഏകദേശം 11 മണിക്കൂറോളമാണ് ട്രെയിനിൽ കുടുങ്ങി കിടന്നത്. പ്രിഫെക്ചറൽ ക്രൈസിസ് മാനേജ്മെന്റ് ടീമിനെ ഉദ്ധരിച്ച് ക്യോഡോ ന്യൂസ് ഇഷിക്കാവയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments