ഖാൻ യൂനിസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം 88-ാം ദിവസം പിന്നിട്ടു. ഗാസയിൽ മരണസംഖ്യ 22,000 കടന്നു. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 207 പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. 338 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴ് മുതലുള്ള കണക്കുകൾ അനുസരിച്ച് 22,185 പേരാണ് ഗാസയിൽ ആകെ മരിച്ചത്. ഇതിൽ 9100 പേർ കുട്ടികളാണ്. ഗാസയിൽ 57,035 പേർക്ക് ഇതുവരെ പരിക്കേൽക്കുകയും ചെയ്തു.
ബെയ്റൂട്ടിലെ ഹമാസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹമാസ് ഡെപ്യൂട്ടി നേതാവ് സലേഹ് അൽ അറൂരിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ ഗ്രൂപ്പ് അറിയിച്ചു. ഖാൻ യൂനിസ് ആസ്ഥാനത്ത് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കുറഞ്ഞത് അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു.
ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 324 പാലസ്തീനികൾ ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 3800 പേർക്കാണ് പരിക്കേറ്റത്. ഇസ്രയേൽ പ്രതിരോധ സേനയിലെ 173 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 965 സൈനികർക്കാണ് പരിക്കേറ്റത്.
Post Your Comments