ബെംഗളൂരു: പഠനയാത്രക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊത്ത് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിലെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പ്രഥമാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള ഒരു ഗവ.ഹൈസ്കൂളിലെ 42-കാരിയായ അധ്യാപിക പുഷ്പലതയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഹൊറനാടിലേക്കുള്ള പഠനയാത്രയ്ക്കിടെയായിരുന്നു പരാതിക്കാധാരമായ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ച ബി.ഇ.ഒയാണ് നടപടി സ്വീകരിച്ചത്.അതേസമയം, അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ഫോട്ടോഷൂട്ടില്‍ ചിത്രീകരിച്ചതെന്ന് ആര്. പുഷ്പലത സ്കൂള്‍ അധികൃതരോട് പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമായിരുന്നു പുഷ്പലതയുടെ ഫോട്ടോഷൂട്ട്. വിദ്യാര്‍ഥിയും അധ്യാപികയും പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. വിദ്യാര്‍ഥി അധ്യാപികയെ എടുത്തുയര്‍ത്തുന്നതും കാണാം.
ചിത്രം പ്രചരിച്ചതിന് പിന്നാലെ സ്കൂളിലെത്തി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധ്യാപികയുടെ പ്രവൃത്തി ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെ അമ്മയും മകനുമെന്ന ബന്ധമാണെന്ന് അദ്ധ്യാപിക വാദിച്ചെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാതെയാണ് അധികൃതർ ഇവരെ സസ്പെൻഡ് ചെയ്തത്.
Post Your Comments