Latest NewsKeralaNews

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം: സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധനയുമായി ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ വിപണിയിലെ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു

അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ് തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന കടകളിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 19 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ തുടർ നടപടി സ്വീകരിക്കും. വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 49 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 74 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകിയെന്ന് മന്ത്രി പറഞ്ഞു.

ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകൾക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകൾക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നൽകിയെന്ന് വീണാ ജോർജ് അറിയിച്ചു.

ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനകളും നടക്കുന്നു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന. ഈ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളാകാൻ 5 രാജ്യങ്ങൾ കൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button