രാജ്യം ഏതെങ്കിലും മതത്തിന്റെയല്ല, രാമക്ഷേത്ര നിർമാണം സർക്കാർ നടത്തുന്നത് മതേതരരാജ്യത്തിന് നല്ലതല്ല: രാമചന്ദ്രൻ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നത് വിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്ന് നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യമെന്നും ക്ഷേത്ര നിർമ്മാണം സർക്കാർ നേരിട്ട് നടത്തുന്നത് ഒരു മതേതരരാജ്യത്തിന് ചേർന്നതല്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

രാമക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോയെന്ന് നിലപാടെടുക്കേണ്ടത് എഐസിസിസിയെന്ന് കെ സുധാകരൻ അറിയിച്ചു. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു. പങ്കെടുക്കരുതെന്ന സമസ്ത നിലപാടിൽ സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.

അതേസമയം, കെ.ബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും, കക്ഷി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിക്കും. മൂന്നാം തവണയാണ് രണ്ടുപേരും മന്ത്രിമാരാകുന്നത്.

Share
Leave a Comment