തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 5000 രൂപ വീതം പുതുവത്സര സമ്മാനമേകിയിരിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. 731 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി നൽകിയിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
2023 മാർച്ചിൽ നടന്ന എസ്എസ്എൽസി /പ്ലസ് ടു (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുക വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 146 പേർക്കും, എസ്എസ്എൽസി ജനറൽ വിഭാഗത്തിലെ 176 പേർക്കും, എസ്എസ്എൽസി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 242 പേർക്കുമായി ആകെ 731 വിദ്യാർത്ഥികൾക്കാണ് തുക നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വിഭാഗത്തിൽ ബി ഗ്രേഡ് അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രേഡ് നേടിയവർക്കും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ പാസ്സായവർക്കുമാണ് പ്രൊഫിഷ്യൻസി അവാർഡ് നൽകുന്നത്. അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 9497281896 നമ്പറുകളിൽ ബന്ധപ്പെടാം.
Read Also: പോലീസ് എന്‍കൗണ്ടര്‍: കൊലപാതകക്കേസിലെ പ്രതികളെ പോലീസ് വധിച്ചു: സംഭവം തമിഴ്‌നാട്ടില്‍
Post Your Comments