ആലപ്പുഴ: പൂങ്കാവിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. പൂങ്കാവ് തോട്ടത്തിൽ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകൾ മയങ്ങി വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. തുടർന്ന്, കൂടുതൽ താറാവുകൾ സമാന രീതിയിൽ ചാകുകയായിരുന്നു. 65 താറാവുകളിൽ എട്ടെണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
വിഷം ഉള്ളിൽ ചെന്നാണ് ഇവ ചത്തതെന്നാണ് സംശയം. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേയ്ക്ക് അയച്ചു.
താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, വിഷം ഉള്ളിൽ ചെന്നതാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് സംശയിക്കുന്നതായും ഉടമ ജോബി പറഞ്ഞു. ഒരു വർഷം മുമ്പ് ഹാച്ചറിയിൽ വാങ്ങിയ താറാവുകൾ മുട്ടയിട്ടു തുടങ്ങിയപ്പോൾ മുതൽ ചില അയൽവാസികൾ എതിർപ്പുമായി വന്നിരുന്നതായി ജോബി പറയുന്നു.
ഇവരുടെ പരാതിയിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാൽ ജോബിക്ക് താറാവ് വളർത്താൻ അനുമതി നൽകുകയായിരുന്നു.
Post Your Comments