കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. തലമുടി കൊഴിച്ചിലും താരനും ആണ് ചിലരുടെ പ്രശ്നമെങ്കില്‍, വരണ്ട തലമുടിയാണ് മറ്റു ചിലരെ അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി വരണ്ടുപോകാം. ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.
അത്തരത്തില്‍ തലമുടി ഡ്രൈ ആകുന്നത് തടയാന്‍ റോബസ്റ്റ പഴം ബെസ്റ്റാണ്. ഒരു റോബസ്റ്റ പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. തലയിൽ പുരട്ടാൻ ആവശ്യമായ അളവിൽ തന്നെയെടുക്കണം. ശേഷം തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടുക. ശേഷം മുടി കെട്ടി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. 20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇങ്ങനെ വയ്ക്കാം. പിന്നീട് കഞ്ഞിവെള്ളത്തിൽ തല കഴുകുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. മുടി മൃദുലവും ഈര്‍പ്പമുള്ളതുമാകാന്‍ ഇത് സഹായിക്കും. ആഴ്ചയിൽ ഒരു തവണ എങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നത് ഫലം ലഭിക്കും.
അതുപോലെ തന്നെ അവക്കാഡോ പഴം അഥവാ വെണ്ണപ്പഴവും വരണ്ട തലമുടിയുള്ളവര്‍ക്ക് ഗുണം ചെയ്യും. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യാം.
അതുപോലെ തന്നെ അര കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും എടുക്കുക. ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇവയെ നന്നായി ഇളക്കുക. കുറച്ച് സമയത്തിന് ശേഷം ഈ മിശ്രിതം നല്ലൊരു പേസ്റ്റായി മാറുന്നത് കാണാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. മുടിയുടെ വേരുകൾ മുതൽ അറ്റം വരെ ശരിയായി പുരട്ടണം. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം തലമുടി കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇത് പരീക്ഷിക്കാം.
Post Your Comments