തൃശൂർ: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിൽ നീരീക്ഷണത്തിൽ കഴിയുകയാണ്. കടുവയ്ക്ക് രുദ്രൻ എന്ന് പേരിട്ടു. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നൽകുന്നത്. 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട് 13 കാരനായ രുദ്രന്. മുഖത്തേറ്റ ആഴത്തിലുള്ള മുറിവ് വെല്ലുവിളിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റതായാണ് സൂചന. പത്ത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്.
വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച് ചൊവ്വാഴ്ചയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വാകേരി കല്ലൂർക്കുന്നിൽ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Post Your Comments