Latest NewsNewsIndia

ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാര്‍ശ, തീവ്രവാദത്തിന് പുതിയ നിര്‍വചനം: മാറ്റങ്ങളുമായി ക്രിമിനല്‍ നിയമ ബില്ലുകള്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുക.

Read Also: 16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും

പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ എടുക്കാവൂ. മൂന്ന് ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 14 ദിവസത്തിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം.

 

പുതിയ നിയമത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയ്ക്ക് ശുപാര്‍ശയുണ്ട്. അഞ്ചോ കൂടുതലോ പേര്‍ ചേര്‍ന്ന് ജാതി, ഭാഷ, വിശ്വാസം എന്നിവയുടെ പേരില്‍ കൊലനടത്തിയാല്‍ ആള്‍ക്കൂട്ട കൊലയാവും എന്നതാണ് പുതിയ നിര്‍വചനം. കേസില്‍പ്പെട്ട, രാജ്യത്തിനു പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്ന ട്രയല്‍ ഇന്‍ ആബ്‌സന്‍സ് വ്യവസ്ഥ പുതിയ നിയമ പ്രകാരമുണ്ടാകും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴു ദിവസം ലഭിക്കും. ഏഴു ദിവസത്തിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ ഇളവു വരും. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണം. അതില്‍ താമസം വരുത്തരുത്.

മനുഷ്യക്കടത്ത് നിയമങ്ങള്‍ ലിംഗഭേദമില്ലാത്തതാക്കി. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ പോക്‌സോ തത്തുല്യമായ വകുപ്പുകള്‍ സ്വയമേവ കൊണ്ടുവരും. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ അതേ ഡ്രൈവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെങ്കില്‍, അവര്‍ക്ക് ചെറിയ ശിക്ഷയാണ് ലഭിക്കുക. ഹിറ്റ് ആന്‍ഡ് റണ്‍ കേസിന് കടുത്ത ശിക്ഷ ലഭിക്കും. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരേയുള്ള ഏതു ഭീഷണിയും, ആക്രമണവും തീവ്രവാദമായി കണക്കാക്കും എന്നത് പുതിയ നിര്‍വചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button