തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ അപകടകാരിയായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11:30 വരെ 0.6 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.
ചില അവസരങ്ങളിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കന്യാകുമാരി തീരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Post Your Comments