KeralaLatest NewsNews

‘അവൻ ചെയ്ത ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്, പക്ഷേ…’: ഷെഹ്‌നയുടെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിൽ ഡോ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്ന് പൊലീസ് റിപ്പോർട്ട്. ഡോ. ഷെഹ്‌നയോട് ഡോ. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സഹോദരിയോട്‌ തന്റെ ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്‌ന കുറിപ്പിൽ എഴുതിയിട്ടുണ്ട്.

‘ചതിയുടെ മുഖം മൂടി അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചർ ബ്ലാങ്ക് ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല’, ഷെഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

അതേസമയം, ഡോ. റുവൈസ് നൽകിയ ജാമ്യ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷെഹ്‌ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയ ചിത്രങ്ങളും പൊലീസ് കോടതിയിൽ നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് ഹൈക്കോടതിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

shortlink

Post Your Comments


Back to top button