ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്കോർ. വായ്പയെടുക്കുന്ന വ്യക്തികളുടെ തിരിച്ചടവ് കഴിവിനെയാണ് ക്രെഡിറ്റ് സ്കോർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രെഡിറ്റ് സ്കോർ സിബിൽ റേറ്റിംഗാണ്. മൂന്നക്ക സംഖ്യയായ സിബിൽ സ്കോറിന് അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകൾ സാധാരണയായി വായ്പ അനുവദിക്കാറുള്ളത്. 300-നും 900-നും ഇടയിലാണ് ക്രെഡിറ്റ് സ്കോർ വരുന്നത്. ഇതിൽ 900 ലഭിക്കുകയാണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വായ്പ വേഗത്തിൽ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ക്രെഡിറ്റ് സ്കോർ എത്രത്തോളം മെച്ചപ്പെടുന്നുവോ, അത്രത്തോളം ലോൺ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. പലിശ നിരക്കുകൾ, ലളിതമായ തിരിച്ചടവ് നിബന്ധനകൾ, വേഗത്തിലുള്ള ലോൺ അപ്രൂവൽ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ വൈകുകയോ, പേയ്‌മെന്റ് നടത്താതിരിക്കുകയോ ചെയ്യുന്നത് മോശം ക്രെഡിറ്റ് സ്‌കോറിനുള്ള പ്രധാന കാരണമാണ്. പേയ്‌മെന്റ് തീയതിയിൽ ഒരു ഓട്ടോ ഡെബിറ്റ് സജ്ജീകരിക്കുകയോ ഫോണിൽ ഒരു റിമൈൻഡർ സജ്ജീകരിക്കുകയോ ആണ് പെട്ടെന്നുള്ള പരിഹാരം. പരിഗണിക്കേണ്ട മറ്റൊരു ഘടകം ഒരാളുടെ ക്രെഡിറ്റ് ലിമിറ്റ് എത്രത്തോളം ഉപയോഗിച്ചു എന്നതാണ്. ചെലവുകൾ ഒഴിവാക്കുന്നത് ഇതിനുള്ള ഒരു പരിഹാരമാണ്. അതുപോലെ, ഒരാൾ ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് വായ്പ തേടുകയാണെങ്കിൽ, അത് അവരുടെ സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം.
Post Your Comments