ഡൽഹി: ഇന്ത്യക്കാർക്ക് എക്കാലവും പ്രിയപ്പെട്ട ഭക്ഷണമായി ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിൽ ഏറ്റവും അധികം ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. തുടർച്ചയായ എട്ടാം തവണയാണ് ബിരിയാണി ഒന്നാം സ്ഥാനം നിലനിർത്തുന്നത്. സ്വിഗ്ഗിയുടെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും അധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്.
ബിരിയാണി പ്രേമികളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ നഗരം ഹൈദരാബാദാണ്. ഹൈദരാബാദിൽ മാത്രം ഓരോ സെക്കൻഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടത്. സ്വിഗ്ഗിയിൽ ലഭിക്കുന്ന 6 ഓർഡറുകളിൽ ഒന്ന് ഹൈദരാബാദിൽ നിന്നാണ്. ബിരിയാണി കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച ഭക്ഷണം പിസ്സയാണ്. നവംബർ 19ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ്സ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്.
Also Read: കോഴിക്കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: ഒഡീഷ സ്വദേശി പിടിയില്‍
ദുർഗാ പൂജ സമയത്ത് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത് ഗുലാബ് ജാമൂനിനും, നവരാത്രി സമയത്ത് മസാല ദോശയ്ക്കുമായിരുന്നു. ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് മുംബൈ സ്വദേശിയാണ്. ഈ വർഷം ഇതുവരെ 42.3 ലക്ഷം രൂപയ്ക്കാണ് ഇയാൾ ഭക്ഷണം ഓർഡർ ചെയ്തത്.
Post Your Comments