മുംബൈ: ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രിയ സിംഗ് ആണ് രംഗത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത്തിനെതിരെയാണ് പ്രിയ രംഗത്തെത്തിയത്. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറയുന്നു.
Read Also: ഫാക്ടറിയിൽ ഉഗ്രസ്ഫോടനം; 9 മരണം, നിരവധി പേർക്ക് പരിക്ക്
പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേച്ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പ്രിയ പറഞ്ഞു.
അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 11ന് താന്‍ അയാളെ കാണാന്‍ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാന്‍ തുടങ്ങിയത്. ഇടപെടാന്‍ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാന്‍ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ വരെ ശ്രമിച്ചു. തന്റെ കൈയില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാന്‍ താന്‍ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാന്‍ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.
തന്റെ കാലിലൂടെ കാര്‍ കയറ്റിയ ശേഷം അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസര്‍വാഡാവലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനില്‍ അശ്വജിത് ഗെയ്ക്വാദിനും ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രിയയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചു.
Post Your Comments