News

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള വാതിലുകള്‍ സ്വര്‍ണം പൂശുന്നു

അയോധ്യ: രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള വാതിലുകള്‍ സ്വര്‍ണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വാതിലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വര്‍ണം പൂശുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

താഴത്തെ നിലയില്‍ ചെമ്പിന്റെ പാളി ഘടിപ്പിച്ച് അതിന് മുകളിലാകും സ്വര്‍ണം പൂശുക. ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണമാണ് വാതിലില്‍ ഉപയോഗിക്കുന്നതെന്ന് ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു.ഗാസിയബാദ് ആസ്ഥാനമായുള്ള ജ്വല്ലറിക്കാണ് സ്വര്‍ണ തകിടുകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല.

Read Also: ‘കഴിയുമെങ്കിൽ കൊല്ലം കടയ്ക്കലില്‍ വച്ച് വണ്ടി വഴിയിൽ തടയൂ’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ

500 കിലോ ഭാരവും എട്ടരയടി ഉയരവും 12 അടി വീതിയും നാല് ഇഞ്ച് കനവുമുള്ളതാണ് ഓരോ വാതിലും. ഏകദേശം എട്ട് പേരുണ്ടെങ്കില്‍ മാത്രമാകും ഇത് ഉയര്‍ത്താന്‍ കഴിയൂ. ആനകള്‍, താമരകള്‍, മയിലുകള്‍, സ്ത്രീകള്‍ തുടങ്ങിയവയുടെ മനോഹര രൂപങ്ങള്‍ വാതിലുകളില്‍ ഉണ്ടാകും.

ശ്രീകോവിലിന് 46 വാതിലുകളാണുള്ളത്. ഇതില്‍ താഴത്തെ നിലയിലുള്ള 18 വാതിലുകള്‍ക്കാണ് സ്വര്‍ണം പൂശുക. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നിന്ന് പ്രത്യേകമായി എത്തിച്ച തേക്കിന്‍ തടിയിലാണ് വാതിലുകളുടെ നിര്‍മ്മാണം. ഹൈദരാബാദില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് വാതിലുകളില്‍ കൊത്തുപ്പണികള്‍ നടത്തിയിരിക്കുന്നത്.

20 കരകൗശല തൊഴിലാളികളും മരപ്പണിക്കരും അടങ്ങുന്ന സംഘമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ വാതിലുകള്‍ നിര്‍മ്മിക്കുന്നത്. ആറ് മാസത്തോളമായി അയോദ്ധ്യയില്‍ താമസിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button