ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍ നടത്തിയ സമാന്തര യോഗത്തിന്റെ മിനുട്‌സ് പുറത്ത്. സമാന്തര യോഗം സംബന്ധിച്ച് രജിത്ത് നടത്തിയ വാദം ഇതോടെ പൊളിയുന്നു. ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരന്‍, സോഹന്‍ സീനു ലാല്‍ തുടങ്ങി 9 പേര് ആണ് യോഗത്തിൽ പങ്കെടുത്തത്. കുക്കുവും സോഹനും പങ്കെടുത്തത് ഓണ്‍ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍ ചെയര്‍മാന്‍ പറഞ്ഞെന്ന് മിനുട്‌സില്‍ പറയുന്നുണ്ട്.
ഇതോടെ, കുക്കുവും സോഹനും പങ്കെടുത്തില്ല എന്ന രഞ്ജിത്തിന്റെ വാദമാണ് പൊളിയുന്നത്. വിമത യോഗം ചേര്‍ന്നു എന്ന വാര്‍ത്തയും ചെയര്‍മാന്‍ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ. അക്കാദമിക്കും ചെയര്‍മാനുമെതിരെ ഒരു നീക്കത്തിനും തങ്ങളുണ്ടാകില്ലെന്ന് കുക്കുവും സോഹനും വ്യക്തമാക്കിയതായി രഞ്ജിത്ത് അവകാശപ്പെട്ടിരുന്നു. 1984 തൊട്ട് തന്റെ സുഹൃത്താണ് കുക്കു. ഇത്തവണ സജീവമായി അവര്‍ തന്റെ കൂടെയുണ്ടായിരുന്നു അവര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
എന്നാൽ, രഞ്ജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാടമ്പി സ്വഭാവത്തിലുള്ളതാണ്. ഇതിനെതിരെ നടപടി വേണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, രഞ്ജിത്തിനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments