![](/wp-content/uploads/2023/12/nas.jpg)
പരപ്പനങ്ങാടി: ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച് മുസ്‍ലിം യുവതയെ വഴിപിഴപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ആരോപിച്ചു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ആരെയൊക്കെ ഉപയോഗിച്ച് മുസ്‍ലിം സമുദായത്തിന്റെ ഐക്യം തകര്‍ക്കാൻ നോക്കിയാലും, ഐക്യനിരയില്‍ നിന്ന് ആരെ അടര്‍ത്താൻ ശ്രമിച്ചാലും സമുദായ ഐക്യം ലക്ഷ്യമിട്ട് യൂത്ത് ലീഗ് രാഷ്ട്രീയ യാത്ര തുടരണമെന്നു യൂത്ത് ലീഗ് ജില്ല കമ്മിറ്റി വഴിക്കടവില്‍ നിന്ന് പൊന്നാനിയിലേക്ക് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ തിരൂരങ്ങാടി മണ്ഡലംതല സമാപന സമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
നാസര്‍ ഫൈസി കൂടത്തായിയുടെ വാക്കുകൾ ഇങ്ങനെ,
പാണക്കാട് തങ്ങന്മാരും സമസ്തയും സമുദായത്തിന് ഒന്നിച്ച് നേതൃത്വം നല്‍കാനും ആ ബന്ധം അരക്കിട്ടുറപ്പിക്കാനും യൂത്ത് ലീഗ് മുന്നോട്ടുവരണം. ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും മുസ്‍ലിം യുവതയെ നയിച്ച് വഴിപിഴപ്പിക്കാൻ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണ്. മുസ്‍ലിം പെണ്‍കുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കണം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും കേരള നദ്‍വത്തുല്‍ മുജാഹിദീനും വിശ്വാസപരമായ പ്രതിരോധം തീര്‍ക്കും.
മുസ്‍ലിം ലീഗും യൂത്ത് ലീഗും രാഷ്ട്രീയപ്രതിരോധവും തീര്‍ക്കും. ആദര്‍ശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകും. മുസ്‍ലിം പെണ്‍കുട്ടികളെ വശീകരിച്ച് സി.പി.എം പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ സമുദായത്തിന് കരുത്തുണ്ടെന്നും നാസര്‍ ഫൈസി പറഞ്ഞു.
Post Your Comments