ഐഫോൺ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തി ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിൽ ഉടൻ തന്നെ ഐഫോൺ അസംബ്ലി പ്ലാന്റ് നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഏകദേശം 20 ഓളം അസംബ്ലി ലൈനുകൾ അടങ്ങിയ ഏറ്റവും വലിയ പ്ലാന്റ് തന്നെ നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം. തമിഴ്നാട്ടിലെ ഹൊസൂരിലാണ് പ്ലാന്റ് നിർമ്മിക്കുക. ഇതോടെ, രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും ചുരുങ്ങിയത് 50,000-ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതാണ്. 12 മുതൽ 18 മാസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനക്ഷമമാക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം.
നേരത്തെ ചൈന കേന്ദ്രീകരിച്ചാണ് ആപ്പിൾ അസംബ്ലി പ്ലാന്റുകൾ സ്ഥാപിച്ചിരുന്നത്. നിലവിൽ, ചൈനയിൽ നിന്ന് മാറി, ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ അസംബ്ലി, ഘടക നിർമ്മാണ പങ്കാളികളുമായി ചേർന്ന് പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി, വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് പുതിയ പ്ലാന്റ് ശക്തി പകരുമെന്നാണ് വിലയിരുത്തൽ. ആപ്പിളും വിതരണക്കാരും ചേർന്ന്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പ് ഇതിനോടകം തന്നെ വിസ്ട്രോണിൽ നിന്ന് ഏറ്റെടുത്ത ഫാക്ടറിയിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. കർണാടകയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
Post Your Comments