കല്‍പ്പറ്റ :സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും.
പ്രജീഷ് വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത.
സുല്‍ത്താന്‍ ബത്തേരിയില്‍ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടന്‍ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയില്‍ വിട്ടാല്‍ തൊട്ടടുത്ത ജനവാസ മേഖലയില്‍ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
Post Your Comments