Latest NewsKeralaNews

മനുഷ്യാവകാശ നിയമങ്ങൾ നടപ്പാക്കിയിട്ടും പലരും അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞർ: ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: മനുഷ്യാവകാശ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞരാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതന്ദ്ര ദേശായി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാളയം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read Also: മദ്യപിക്കുന്നവരെയും പുകവലിക്കുന്നവരെയും മെഡിസെപ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കി: വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സർക്കാർ

മനുഷ്യാവകാശ ദിനം പോലുള്ള ഓർമ്മപ്പെടുത്തലുകൾ മനുഷ്യാവകാശങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നു. മനുഷ്യാവകാശ അവബോധം ബോധപൂർവമോ അല്ലാതെയോ ഉള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കും. സർക്കാർ ഏജൻസികൾ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കാൻ ബോധവത്കരണത്തിന് കഴിയും. മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ അത് ചോദ്യം ചെയ്യാനുള്ള ആർജവം മനുഷ്യാവകാശ പ്രചാരണങ്ങൾ വഴി സാധ്യമാക്കാം. മനുഷ്യാവകാശങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ആർജിക്കേണ്ടതാണ്. ഒരു കുട്ടിയുടെ വളർച്ചയിൽ കുടുംബം ക്രീയാത്മകമായ പങ്ക് വഹിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ പിന്നീടും മനുഷ്യാവകാശങ്ങൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂൾ സിലബസിൽ മനുഷ്യാവകാശ സംരക്ഷണം ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്‌കൂളിൽ നിന്നും പഠിക്കുന്ന കാര്യങ്ങൾ വീട്ടിൽ പങ്കുവയ്ക്കും. സ്‌കൂളിലും വീട്ടിലും മനുഷ്യാവകാശ ബോധവൽക്കരണം നടത്തിയാൽ മനുഷ്യാവകാശ ലംഘനങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കും. മനുഷ്യാവകാശ സംരക്ഷണം തുടങ്ങേണ്ടത് വീടുകളിൽ നിന്നും വീടുകൾക്ക് സമീപത്ത് നിനുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമാണ് മനുഷ്യാവകാശങ്ങൾ. ഇത് ഭരണഘടനാപരമായ അവകാശങ്ങളാണ്.സർക്കാരിനോ നിയമനിർമ്മാണ സഭകൾക്കോ കവർന്നെടുക്കാൻ കഴിയുന്നതല്ല അവ. മനുഷ്യാവകാശങ്ങൾ നിയമനിർമ്മാണം വഴി സ്ഥാപിക്കപ്പെട്ടതല്ല. അത് പ്രകൃതിദത്തമാണ്. വ്യക്തിഗത അവകാശങ്ങൾ സ്ഥിരീകരിക്കുന്ന പ്രധാന അന്താരാഷ്ട്ര ഉടമ്പടിയാണ് സാർവലൗകിക മനുഷ്യാവകാശ
പ്രഖ്യാപനം. വിവിധരാജ്യങ്ങളിലെ നിയമങ്ങളിലും അന്താരാഷ്ട്ര ഉടമ്പടികളിലും കരാറുകളിലും സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അന്ത:സത്ത കണ്ടെത്താം. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ അടിസ്ഥാന ശിലയാണ് മനുഷ്യാവകാശ പ്രഖ്യാപനം. 80 ഓളം അന്താരാഷ്ട്ര ഉടമ്പടികളിൽ പ്രഖ്യാപനത്തിന്റെ അനുരണനങ്ങൾ കാണാം. 500 ലധികം ഭാഷകളിൽ തർജമ ചെയ്തതിന്റെ ഗിന്നസ് റെക്കോർഡും പ്രഖ്യാപനത്തിന് സ്വന്തം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ നാലു പദങ്ങളിൽ മനുഷ്യാവകാശങ്ങൾ ക്രോഡീകരിച്ചിരിക്കുന്നതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശത്തിന്റെ പ്രസക്തി ഓരോ വ്യക്തിയും അവരുടെ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സൺ കെ ബൈജൂനാഥ് പറഞ്ഞു. സാധാരണക്കാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി അറിയിച്ചുു. മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ കെ ബൈജൂനാഥ് ചൊല്ലി കൊടുത്തു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ പ്രതിജ്ഞയെടുത്തു.

Read Also: നവകേരള സദസുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി കേസെടുക്കണമെന്ന് വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button