തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ അനുഭവപ്പെടുന്നതാണ്. അതേസമയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് മഴ കൂടുതൽ ശക്തമാകുന്നതാണ്. ഈ 2 ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 7 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ, തെക്ക് കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് ഇന്നും നാളെയും മഴ അനുഭവപ്പെടുക. അതേസമയം, തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: മീശമാധവനിലെ സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം, വലിപ്പമേറിയ സ്ത്രീ: ഗായത്രി
Post Your Comments