ബത്തേരി: വയനാട് വാകേരിക്കടുത്ത് യുവാവിനെ കടുവ പിടിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം. കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കും. കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകൾക്ക് നിർദേശം നൽകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം, പല ഭാഗങ്ങളും വേര്‍പെട്ടിരുന്നു.
പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാകേരി മേഖലയിൽ കടുവയുടെ സാന്നിധ്യം നേരത്തെയും ഉണ്ടായിരുന്നു.
Post Your Comments