![](/wp-content/uploads/2023/12/untitled-37.jpg)
ബത്തേരി: വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം, പല ഭാഗങ്ങളും വേര്‍പെട്ടിരുന്നു.
പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. നാട്ടുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നുണ്ട്. വാകേരി മേഖലയിൽ കടുവയുടെ സാന്നിധ്യം നേരത്തെയും ഉണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രണ്ടു മാസം മുമ്പ് കടുവയുടെ ആക്രമണശ്രമം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അന്ന് തോട്ടം തൊഴിലാളികൾക്കുനേരെ കടുവ പാഞ്ഞടുത്തെങ്കിലും ആളുകൾ ബഹളം വെച്ചതോടെ പിന്തിരിയുകയായിരുന്നു. ഈ വർഷം ആദ്യം മാനന്തവാടി പുതുശേരിയിൽ കർഷകനായ തോമസ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Post Your Comments