തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. കഴിഞ്ഞ നവംബർ 26ന് നടത്തിയ ശസ്ത്രക്രിയ പൂർണമായി വിജയിച്ചു. ചേർത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്. വൃക്ക ദാനം നൽകിയ അമ്മ ഡിസ്ചാർജായി. വൃക്ക സ്വീകരിച്ച യുവാവിനെ അടുത്തയാഴ്ച ഡിസ്ചാർജ് ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രിയിലെത്തി ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു.
അവയവമാറ്റ ശസ്ത്രക്രിയയിൽ സർക്കാർ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ ഒരു കാര്യമാണ് ജനറൽ ആശുപത്രിയിലെ ഈ അവയവമാറ്റ ശസ്ത്രക്രിയാ വിജയം. കാരണം കൂടുതൽ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നു എന്നുള്ളത് ആളുകളെ സംബന്ധിച്ച് രണ്ട് തരത്തിലാണ് സഹായമാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ധാരാളം പേരാണ് കാത്തിരിക്കുന്നത്. മാത്രമല്ല അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഭാരിച്ച ചെലവുമാണുള്ളത്. കൂടുതൽ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശാസ്ത്രക്രിയകൾ യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ആളുകൾക്ക് സാമ്പത്തിക പ്രതിസന്ധിയില്ലാതെ വേഗത്തിൽ അവയവമാറ്റം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായുടെ ഏകോപനത്തിൽ യൂറോളജി വിഭാഗം ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം ഡോ. മധു വി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. കൂടാതെ ഡോ. അഞ്ജു രാജ്, ഡോ. രേണു, ഡോ. മിഥുൻ ബേബി, സീനിയർ നഴ്‌സിംഗ് ഓഫീസറായ ശ്യാമളയുടെ നേതൃത്വത്തിൽ നഴ്‌സിംഗ് ഓഫീസർമാരായ ചിന്നൂരാജ്, പ്രീനുമോൾ, മുഹമ്മദ് ഷഫീഖ്, ആശാ സി എൻ, അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായ അശ്വതി, റാഷിദ്, മേഘന, അലീന, വിഷ്ണു പി പി, സുനിജ, അഖിൽ, ട്രാൻപ്ലാന്റേഷൻ കോ ഓർഡിനേറ്റർ സൗമ്യ എന്നിവർ അടങ്ങിയ ടീമും ഇതിന്റെ ഭാഗമായി.
Post Your Comments