
രാജ്യത്ത് അതിവേഗത്തിൽ ശ്രദ്ധ നേടിയ സൈബർ തട്ടിപ്പായ ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങി പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റയും. രത്തൻ ടാറ്റയുടെ പേരിൽ വ്യാജ വാർത്തകളാണ് സമൂഹ മാധ്യമങ്ങൾ മുഖാന്തരം പ്രചരിക്കുന്നത്. നഷ്ട സാധ്യതകൾ ഇല്ലാത്തതും, 100 ശതമാനം വരെ ഉറപ്പു നൽകുന്നതുമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് രത്തൻ ടാറ്റ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, ആ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്നും, അവ എന്റെ വാക്കുകൾ അല്ലെന്നും രത്തൻ ടാറ്റ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് അദ്ദേഹം തന്റെ പേരിൽ നടന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, സോന അഗർവാൾ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള വീഡിയോയുടെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വ്യാജ വീഡിയോയിൽ സോനാ അഗർവാളിനെ തന്റെ മാനേജറായി അവതരിപ്പിച്ച് കൊണ്ട് രത്തൻ ടാറ്റ സംസാരിക്കുന്നതാണ് ചിത്രീകരണം. ചില നിക്ഷേപങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് വീഡിയോയുടെ ഉള്ളടക്കം. നിരവധി പേർക്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടിൽ വന്നതായി കാണിക്കുന്ന സ്ക്രീൻഷോട്ടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സെലിബ്രിറ്റികളുടെ പേരിൽ ഡീപ് ഫേക്ക് വീഡിയോകൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
Post Your Comments