ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 357 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 69,653.73-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 82 പോയിന്റ് നേട്ടത്തിൽ 20,937-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിന്റെ ഒരുവേള നിഫ്റ്റി 20,961 പോയിന്റും, സെൻസെക്സ് 69,744 പോയിന്റും ഭേദിച്ചിരുന്നു. ബിഎസ്ഇയിൽ ഇന്ന് 1,877 ഓഹരികൾ നേട്ടത്തിലും, 1,887 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികളുടെ വില മാറിയില്ല.
ഇന്ത്യൻ ആഭ്യന്തര വിപണിയിലേക്ക് വിദേശ നിക്ഷേപകർ തിരിച്ചെത്തിയതും, ആഗോള ഘടകങ്ങൾ അനുകൂലമായതുമാണ് ഇന്ന് ഓഹരി സൂചികകൾക്ക് കരുത്ത് പകർന്നത്. പണപ്പെരുപ്പ ആശങ്ക ഒഴിയുന്നതും, അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് താഴുന്നതും ഓഹരി വിപണിയിലേക്ക് നിക്ഷേപകരെ വലിയ രീതിയിൽ ആകർഷിച്ചിട്ടുണ്ട്. ക്രൂഡോയിൽ വിലയിടിവും നേട്ടമായി. സെൻസെക്സിൽ വിപ്രോ, ഐടിസി, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, നെസ്‌ലെ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടം കുറിച്ചത്. അതേസമയം, മാക്സ് ഹെൽത്ത് കെയർ, സിജി പവർ, പേടിഎം, ഡൽഹിവെറി, ടൊറന്റ് ഫാർമ തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Post Your Comments