കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് സെക്രട്ടറിയെ ജില്ലയിലെ ഏതെങ്കിലും നഗരസഭ ഓഫീസിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് (കോഴിക്കോട്) കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
Read Also: കേരളത്തെ പിറകോട്ടടിപ്പിക്കാനാണ് കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്: ആരോപണവുമായി മുഖ്യമന്ത്രി
രണ്ടു മാസത്തിനകം നടപടിയെടുത്തശേഷം വിവരം രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പെരുവയൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി. 23 വർഷം കോഴിക്കോട് നഗരസഭയിൽ ജോലി ചെയ്ത ശേഷം പെരുവയൽ ഗ്രാമപഞ്ചായത്തിൽ നിയമിതയായ പരാതിക്കാരിയെ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചതായാണ് പരാതി. തന്നോട് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്.
നഗരസഭയിൽ നിന്നും പഞ്ചായത്തിലെത്തിയ ജീവനക്കാരിയെന്ന നിലയിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം അസിസ്റ്റന്റ് സെക്രട്ടറിക്കില്ല. ഓഫീസ് നല്ല രീതിയിൽ പ്രവർത്തിക്കാൻ ജീവനക്കാർ ഒരുമിച്ച് നിൽക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇരുവരും തമ്മിൽ രമ്യതയിൽ പോകാൻ സാധ്യതയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രധാന തസ്തികയിൽ ഇരിക്കുന്നവർ തമ്മിൽ ഇപ്രകാരം ശീതസമരത്തിൽ ഏർപ്പെടുന്നത് അഭിലഷണീയമല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Post Your Comments