ചെന്നൈ: ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവും നിന്നെങ്കിലും നഗരവാസികളുടെ ദുരിതം നീങ്ങിയില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിച്ചിട്ടില്ല.
റോഡ്, റെയിൽ ഗതാഗതം മുടങ്ങുകയും കടകൾ അടഞ്ഞുകിടക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചു. പ്രളയാനുബന്ധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി.
നഗരത്തിൽ 47 വർഷത്തിനിടെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. ചെന്നൈ നഗരത്തിൽ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റർ മഴയാണ് ലഭിക്കാറ്. എന്നാൽ, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റർ മഴ പെയ്തു. ചില ഭാഗങ്ങളിൽ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റർവരെ മഴ പെയ്തു.
രണ്ടു രാത്രികളിലും നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാൽ പല ബഹുരാഷ്ട വ്യവസായ സംരംഭങ്ങളും ഉത്പാദനം നിർത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് അധികൃതര്‍ അറിയിച്ചു.
മൊബൈൽ ഫോൺ ടവറുകളിലും ടെലിഫോൺ എക്സ്ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയിൽ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാർഥ ചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല.
Post Your Comments