കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണം സിപിഎമ്മിലേക്ക്. സിപിഎം. തൃശ്ശൂര്‍ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
ഇത്തരത്തില്‍ രണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍, ഇതു സംബന്ധിച്ച് രേഖാമൂലമുള്ള സ്ഥിരീകരണമില്ല. അന്വേഷണം പാര്‍ട്ടിയിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ഇത്.
പാര്‍ട്ടി അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാല്‍, ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടിമാരുടേതടക്കം പേരുകളിലാണ് ഇവ. രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടേക്കാമെന്നും ഇ.ഡി. സംശയിക്കുന്നു. ഈ അക്കൗണ്ടിലൂടെ വൻതുക കൈമാറ്റം നടന്നുവെന്നാണ് ആരോപണം. ഇതിനിടെ വിവാദം ഉണ്ടാകുന്നതിന് മുമ്പ് പണമെല്ലാം പിൻവലിക്കുകയും ചെയ്തു. വായ്പ അനുവദിക്കുന്നതിന് സിപിഎം കമ്മീഷൻ വാങ്ങിയെന്ന ആരോപണം സജീവമാണ്. ഈ കമ്മീഷൻ പണം ഈ അക്കൗണ്ട് വഴിയാണോ മാറ്റിയതെന്നാണ് ഇഡിയുടെ സംശയം. ബാങ്ക് തട്ടിപ്പു പുറത്തായപ്പോള്‍ 90 ശതമാനം തുകയും പിൻവലിച്ചുവെന്നാണ് സൂചന.
കരുവന്നൂരില്‍ ജില്ലാ നേതാവിന്റെ പേരിലും രണ്ട് അക്കൗണ്ടുകളുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നേതാക്കളെ വീണ്ടും ചോദ്യം ചെയ്തു. കരുവന്നൂരിലെ അക്കൗണ്ടിന്റെ നിയന്ത്രണം ജില്ലാ നേതാവിനായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കണമെന്നാണ് ജില്ലാ നേതാവിന്റെ മറുപടി. ബിനാമി ഇടപാടുകളിലെ കമ്മീഷൻ തുകയാണ് പാര്‍ട്ടി അക്കൗണ്ടില്‍ എത്തിയതെന്നും ആരോപണമുണ്ട്. നിര്‍ണ്ണായക മൊഴികള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡിക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമാനുസൃതമായാണ്. ഇലക്‌ട്രല്‍ ബോണ്ടുകള്‍ വഴിയാണ് പാര്‍ട്ടി ധനസമാഹരണം. ഇങ്ങനെയുള്ളതിന്റെ കണക്ക് ഇ ഡിയെ ബോധിപ്പിക്കേണ്ടെന്നാണ് സിപിഎം നിലപാട്.
അതേസമയം, കരുവന്നൂര്‍ ബാങ്കില്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണത്തില്‍ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണെന്ന് സംഘപരിവാര്‍ പത്രമായ ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോട്ടുനിരോധന കാലത്ത് ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ വലിയൊരു തുക പാര്‍ട്ടിയുടെ ഫണ്ടാണെന്നും സംശയമുണ്ടെന്നായിരുന്നു ജന്മഭൂമി റിപ്പോര്‍ട്ട്.
Post Your Comments