കരുനാഗപ്പള്ളി: സുഹൃത്തിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പൊലീസ് തമിഴ്നാട് സേലത്ത് നിന്നാണ് പിടികൂടിയത്. തമിഴ്നാട് ധർമപുരി സ്വദേശിയായ രാജശേഖര(31) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ തമിഴ്നാട് ധർമപുരി സ്വദേശി രാജയെ ആണ് പ്രതി വെട്ടി പരിക്കേൽപ്പിച്ചത്.
ഫാബ്രിക്കേഷൻ തൊഴിലാളികളായ ഇവർ കുലശേഖരപുരത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതിയായ രാജശേഖര സുഹൃത്തായ രാജയെ കഴുത്തിന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. രാജയെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനിടയിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോണും എ.ടി.എം കാർഡും ഉൾപ്പടെയുള്ളവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് കടന്നുകളഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തിൽ രാജശേഖരയുടെ വിലാസം മനസ്സിലാക്കിയ കരുനാഗപ്പള്ളി പൊലീസ്, ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം ധർമപുരിയിലേക്ക് തിരിച്ചു. എന്നാൽ, ഇടക്ക് പ്രതി നാട്ടിലേക്ക് ബന്ധപ്പെട്ട മറ്റൊരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സേലത്ത് ഉണ്ടെന്ന് തിരിച്ചറിയുകയും അവിടെ എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
തുടർന്ന്, ഇയാളെ കരുനാഗപ്പള്ളി കുലശേഖരപുരത്ത് എത്തിക്കുകയും സാക്ഷികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, നകുൽ രാജൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments